സർക്കാർ ജീവനക്കാർക്ക് ആവശ്യമായ... ഒരു വിഷയം നിങ്ങൾക്കായി..

കൂടുതൽ പേർ അന്വേഷിക്കുന്നത്. തമാശക്കാണെങ്കിലും പൊതുവേ പറയാറുള്ള ഒരു കാര്യം സർക്കാർ ജോലി കിട്ടിയിട്ടു വേണം ലീവ് എടുക്കാൻ ...

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.   "Leave cannot be claimed as a  matter of right" എന്നതാണ് ചട്ടം. ( KSR റൂൾ 65 ). അതായത് leave ഒരു ജീവനക്കാരന്റെ അവകാശമല്ല.  അത് സർക്കാരിന്റെ ഒരു ഔദാര്യമാണ്.  അതുകൊണ്ടുതന്നെ leave ലഭിച്ചില്ല എന്നതിനെതിരായി നിയമനടപടികൾ ഒന്നും നിലനിൽക്കില്ല.  എന്നുവച്ച് ഏതെങ്കിലും ഒരു മേലധികാരിക്ക് തനിക്കിഷ്ടമല്ലാത്ത ഒരു ജീവനക്കാരന്റെ leave ചുമ്മാ അങ്ങ് തടയാനൊന്നും കഴിയില്ല. അതിനു ചില പ്രത്യേക സാഹചര്യങ്ങൾ നിലവിലുണ്ടാകണം.  അത് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ഒരുപോലെ  ബാധകമായിരിക്കുകയും വേണം. 

 പൊതുതാല്പര്യം പരിഗണിച്ച് അവധി അപേക്ഷ നിരാകരിക്കുന്നതിനോ അനുവദിച്ച അവധി റദ്ദാക്കുന്നതിനോ അവധി അനുവദിക്കുന്ന മേലധികാരിക്ക് അധികാരമുണ്ട്.  എന്നാൽ ഇത് ഒരിക്കലും വ്യക്തിതാല്പര്യംf മുൻനിർത്തി ആയിരിക്കരുത് എന്നർത്ഥം. 

Leave അനുവദിക്കുന്ന അധികാരിക്ക് ചില വിവേചനാധികാരങ്ങൾ ഒക്കെയുണ്ട്.  എന്നുവച്ച് leave അനുവദിക്കുന്നതിൽ തന്റെ കീഴ്ജീവനക്കാർക്കിടയിൽ വിവേചനം കാണിക്കാം എന്നല്ല അതുകൊണ്ട് അർത്ഥമാക്കുന്നത്.  ജീവനക്കാർക്ക് leave അനുവദിക്കുമ്പോൾ സ്ഥാപനം സുഗമമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് മേലധികാരിയുടെ ചുമതലയാണ്. അതുകൊണ്ട് സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് ഭംഗം നേരിടും എന്ന് ഉത്തമവിശ്വാസമുള്ള അവസരങ്ങളിൽ ഒരു മേലധികാരിക്ക് തന്റെ കീഴ്ജീവനക്കാർക്ക് leave നിഷേധിക്കാം. എന്നാൽ  leave നിഷേധിക്കുന്നതിനുള്ള കാരണം ജീവനക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്തിയിരിക്കണം. 

മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് എന്താണെന്നു വച്ചാൽ ഒരിക്കൽ ലീവിന് അപേക്ഷ കൊടുത്തു കഴിഞ്ഞാൽ പിന്നെ ആ ലീവിന്റെ തരം ( നേച്ചർ ഓഫ് ലീവ് ) വ്യത്യാസപ്പെടുത്താൻ ലീവ് അനുവദിക്കുന്ന അധികാരിക്ക് അവകാശമില്ല എന്നതാണ്.  അതിനുള്ള അവകാശം അപേക്ഷകന് മാത്രമാണ്.  

ജോയിൻ ചെയ്തതിനു അടുത്ത ദിവസം വേണമെങ്കിലും ഒരു അത്യാവശ്യം നേരിട്ടാൽ  casual leave എടുക്കാം.  ജോയിൻ ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ഒരു പബ്ലിക് ഹോളിഡേ വന്നാൽ അത് holiday ആയി  എടുക്കാം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ഒരു പൊതു അവധിയാണെന്നും അന്ന് നിങ്ങൾ ജോലി ചെയ്തു എന്നുമിരിക്കട്ടെ. അതിന്റെ Compensatory ഹോളിഡേ അതിനടുത്ത ദിവസം എടുക്കാം.  മറ്റേതെങ്കിലും സർവീസിൽ നിന്നും റിലീവ് ചെയ്തു പുതിയ ജോലിയിൽ പ്രവേശിച്ചയാളോ അതല്ലെങ്കിൽ ട്രാൻസ്ഫർ അല്ലെങ്കിൽ പ്രൊമോഷൻ മുഖേന പുതിയ സ്ഥലത്ത് വന്നയാളോ ആണെങ്കിൽ അക്കൗണ്ടിൽ ഉള്ള ഏത് വിധത്തിലുള്ള Eligible ലീവും എടുക്കാം.   

ഇനി സർവീസിലുള്ളവർക്കു അനുവദിച്ചിരിക്കുന്ന വിവിധതരം അവധികൾ ഏതൊക്കെയാണ് എന്നൊന്ന് നോക്കാം.. 


1,  Earned leave അഥവാ ആർജ്ജിതാവധി

 സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ  ഈ അവധി ലഭിക്കുന്നു. 

രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുമ്പോൾ  ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി  11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി earned ലീവുകൾ 180 ആണ്.  സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളെ പാടുള്ളൂ..  എന്നാൽ വിരമിക്കുന്നതിനു മുന്നോടിയായി ലീവ് എടുക്കുമ്പോൾ ഇത് പരാമാവധി 300 വരെ ആകാം. 

( earned leave,  Half Pay Leave,  Commuted ലീവ് എന്നിവ തുടങ്ങുന്നതിനു തൊട്ടുമുൻപോ ലീവ് കഴിഞ്ഞതിനു ശേഷം ഉടനെയോ പൊതു അവധി ദിനങ്ങളോ ഞായറാഴ്ചകളോ വന്നാൽ അവ ലീവിൽ പെടുത്താതെ അവധി ആയി തന്നെ എടുക്കാം.  ഇങ്ങനെ ലീവിന് മുൻപ് വരുന്ന അവധിദിനങ്ങൾ എടുക്കുന്നതിനെ പ്രിഫിക്സ് ചെയ്യുക എന്നും ലീവിനുശേഷം വരുന്ന അവധികൾ എടുക്കുന്നതിനെ സഫിക്സ് ചെയ്യുക എന്നും പറയുന്നു )

ചില മേലധികാരികൾ സർവീസിൽ കയറി ഒരു വർഷം പൂർത്തിയായാൽ മാത്രമേ Earned Leave അനുവദിക്കാൻ കഴിയൂ എന്നു വാശി പിടിക്കാറുണ്ട്.  അത് തികച്ചും തെറ്റാണു.  അതുപോലെ തന്നെ അക്കൗണ്ടിൽ leave ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും Earned Leave എടുക്കാം.  ഒരെണ്ണമോ രണ്ടെണ്ണമോ നാലെണ്ണമോ ഒക്കെ നിങ്ങളുടെ സൗകര്യാർത്ഥം എടുക്കാം. 

 ഒരു സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം  പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. Leave അക്കൗണ്ടിൽ ആവശ്യത്തിന് earned leave ഉണ്ടെങ്കിൽ മാർച്ച്‌ മാസത്തിൽ leave സറണ്ടർ എടുത്തയാൾക്കു ഏപ്രിൽ മാസത്തിൽ വീണ്ടും സറണ്ടർ എടുക്കാം.

റിട്ടയർ ചെയ്യുന്ന സമയത്ത്  അക്കൗണ്ടിൽ earned leave ബാക്കിയുണ്ടെങ്കിൽ 300 ഏൺഡ് ലീവുകൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്.   ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ  ശമ്പളം  ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave,  Commuted Leave,  Earned leave  പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ തുടങ്ങിയവ   ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.  അതായത് ഈ അവധിയിൽ ഉള്ള കാലത്ത്   earned leave  ആർജ്ജിക്കാൻ കഴിയില്ല. പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും.  അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്.  ഒരു സമയം leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന earned ലീവുകളുടെ എണ്ണം 300 ആണ്.  അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ leave എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു earned leave ആർജ്ജിക്കാൻ കഴിയില്ല. 

Earned Leave  ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല.  എന്നാൽ ഒരിക്കൽ അനുവദിച്ച  മറ്റേതൊരു അവധിയും പിന്നീട് എപ്പോൾ വേണമെങ്കിലും  മുൻകാലപ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച  സമയത്ത് ജീവനക്കാരന് അർഹതയുണ്ടായിരുന്ന മറ്റൊരു  അവധിയായി വേണമെങ്കിൽ   transform ചെയ്യാവുന്നതാണ്. 


2,  Half Pay Leave അഥവാ അർധവേതനാവധി

 ഇത് വർഷത്തിൽ 20 ദിവസമാണ് ലഭിക്കുക . സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച  വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല.  പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ leave കണക്കാക്കൂ  എന്നർത്ഥം.. 

 പ്രസവാവധി,   ഉൾപ്പെടെയുള്ള  എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.   എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ  വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം  ( LWA as per KSR aapendix 12 A,  12B,  and 12C ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല.   സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ half pay leave എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന half pay ലീവുകളുടെ എണ്ണം പരാമാവധി ഇത്ര എന്ന് നിയന്ത്രണം ഇല്ല.  അതുകൊണ്ട് ക്രെഡിറ്റിൽ ബാക്കിയുള്ള ലീവ് എത്രവേണേലും തുടർച്ചയായി എടുക്കാം. 


3,  Commuted Leave:

രണ്ട്  ഹാഫ് പേ ലീവുകൾ  commute ചെയ്ത്  ഒരു ഫുൾപേ ലീവ് ആക്കി  എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല. ലഭിക്കുന്ന ബേസിക് സാലറിയുടെ പകുതിയും മുഴുവൻ DA യും half pay leave എടുത്താൽ ലഭിക്കും എന്നതിനാൽ DA ശതമാനം കൂടി നിൽക്കുന്ന സമയത്ത് half pay leave commute ചെയ്യാതെ half pay ആയിത്തന്നെ എടുക്കുന്നതാണ് leave ആവശ്യമുള്ളവർക്ക് ലാഭകരം എന്നത് ശ്രദ്ധിക്കുക.  ( 2016 ലെ   ശമ്പളപരിഷ്കരണത്തിനു മുൻപ് 18720 രൂപയിൽ താഴെ ബേസിക് പേ ഉണ്ടായിരുന്നവർക്കാണ് ഇങ്ങനെ മുഴുവൻ DA ലഭിക്കുന്നത്.  പുതിയ പേ റിവിഷന് ശേഷം ഈ പരിധി ഉയർത്തേണ്ടതായിരുന്നു എങ്കിലും ഇതുവരെ ഉയർത്തി ഉത്തരവുകളൊന്നും ഇല്ല )

Earned ലീവും commuted ലീവും കൂടി ചേർത്തെടുക്കുമ്പോൾ ഒരുസമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്‌സും പ്രിഫിക്‌സും ഉൾപ്പെടെ 240 ആണ്. 


4,  പ്രസവാവധി:  

             180 ദിവസമാണ് പ്രസവാവധി. ആറുമാസമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.  PSC വഴിയാണ് നിയമനം എങ്കിൽ  സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ  അവധി എടുക്കാം. 

 NB:  പ്രസവം നടന്ന് 180 ദിവസം കഴിഞ്ഞാൽ പിന്നെ ഈ ലീവ് ലഭിക്കില്ല. അങ്ങനെയുള്ളവർ എത്രയും വേഗം വീണ്ടും പ്രസവിക്കാൻ നോക്കുക എന്നതല്ലാതെ വേറെ യാതൊരു മാർഗ്ഗവുമില്ല. 

 പ്രസവം നടന്നതിന്  ശേഷം സർവീസിൽ വന്നവർ ആ  വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  

പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ  എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം. പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്. 

പ്രസവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ ശൂന്യവേതനവധി എടുക്കാവുന്നതാണ്.  ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാലോ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതനവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കുകയും ചെയ്യും.  ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.  പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം എങ്കിലും ജോലി ചെയ്താൽ പിന്നെ ഈ അവധിക്കു അർഹതയില്ല.  

പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ ആറ്  ആഴ്ചത്തെ അതായത് 42 ദിവസത്തെ അവധി ലഭിക്കും.

ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ 45 ദിവസം അവധി ലഭിക്കും.  

വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ casual leave ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി  സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ leave എടുക്കാം. 


5,  Paternity leave അഥവാ പിത്യത്വാവധി

 ഭാര്യ പ്രസവിക്കുമ്പോൾ  സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ. (എന്തൊരു സ്ത്രീപുരുഷ വിവേചനം !! അല്ലേ?) 10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. കേന്ദ്രത്തിൽ ഇത് 15 ദിവസമാണ്. സർവ്വീസിൽ കയറും മുൻപ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം എന്നു മാത്രം.  മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ  ഭാര്യയുടെ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം. ഇത് പ്രൊബേഷന് യോഗ്യകാലമായി പരിഗണിക്കുന്ന തരം അവധിയാണ്.  


6,  Casual leave:  

കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി.  വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്.  കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും  ജനുവരിയിലോ ഫെബ്രുവരിയിലോ വിരമിക്കുന്നയാൾക്കും   20 കാഷ്വൽ ലീവും നൽകാൻ  മേലധികാരിക്ക് അധികാരമുണ്ട്. അങ്ങനെ നൽകി എന്നതുകൊണ്ട്  leave അനുവദിക്കുന്ന അധികാരിയുടെ മേലധികാരികൾക്കോ ഓഡിറ്റ് വിഭാഗത്തിനോ  യാതൊരുവിധ ഒബ്ജെക്ഷനും ഉന്നയിക്കാൻ കഴിയില്ല.   എന്നാൽ നൽകിയില്ല എന്ന് കരുതി ജീവനക്കാരന്  പരാതിപ്പെടാനും ആവില്ല .

 കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം.  ചില മേലധികാരികൾ casual leave എടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകണം എന്ന്  ശഠിക്കാറുണ്ട്.  അത് നിയമപരമല്ല.  കാരണം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവിചാരിതമായ ആവശ്യങ്ങൾക്കായി എടുക്കാനുള്ളതാണ് casual leave അഥവാ യാദൃശ്ചികാവധി. അത്തരം ആവശ്യങ്ങൾക്ക് തലേന്ന് അപേക്ഷ കൊടുത്ത് അവധി അനുവദിപ്പിക്കാൻ എങ്ങനെ കഴിയും ! എന്നാൽ അങ്ങനെ അത്യാവശ്യങ്ങൾക്കായി casual ലീവ് എടുക്കുമ്പോൾ  leave എടുക്കുന്ന കാര്യം മേലധികാരിയെ ഫോണിലൂടെ അറിയിച്ചിരിക്കണം.  

സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം.  ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല.  ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്.  ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം.  സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല.  ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം.  എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും.  എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാ

തെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്. 

കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം.  എന്നാൽ കോംപൻസേറ്ററി ഹോളിഡേകൾ  ആ  ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം  ( 60 ദിവസമല്ല) കോംപൻസേറ്റ് ചെയ്തിരിക്കണം. ചില നഴ്സിംഗ് സൂപ്രണ്ടുമാർ CH 22 എണ്ണമേ എടുക്കാവൂ,  ബാക്കി holidays ആയി തന്നെ എടുക്കണം എന്നൊക്കെ വാശിപിടിക്കുന്നത് കാണാറുണ്ട്.  അതൊക്കെ വെറുതെ ഓരോരോ പിടിവാശികൾ എന്നല്ലാതെ അങ്ങനെയൊന്നും വ്യവസ്ഥയില്ല. 

ആശുപത്രികളിൽ ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ  മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് അനുവദിക്കണം.   എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്.  ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് ലീവ് അപേക്ഷ എഴുതേണ്ടത്. 

കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ എന്നും വ്യവസ്ഥയുണ്ട്.  എന്നാൽ eligible  ലീവുകൾ കൂടുതൽ  നാളേക്ക് വേണേലും എടുക്കാം. 


മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും.   പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന  ( സ്ഥാപനമേലധികാരിക്ക് അനുവദിക്കാൻ കഴിയുന്ന ) ശൂന്യവേതനാവധി. ഇത് അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ  ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാൽ മുകളിൽ പറഞ്ഞ കാലയളവിൽ കൂടുതൽ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം.  അഥവാ അത്യാവശ്യമാണെങ്കിൽ ലീവ് കഴിഞ്ഞു തിരിച്ച് ജോലിയിൽ പ്രവേശിച്ചശേഷം വീണ്ടും എടുക്കുക.  

മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുമ്പോൾ  സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്.  കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും. അല്ലാത്തപക്ഷം സൂചിക്ക് എടുക്കാമായിരുന്നത്  തൂമ്പ  ഉണ്ടായാലും എടുക്കാൻ പറ്റാതെ വരും. 

 ( ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ  കാലാകാലങ്ങളിൽ  ജോലിസംബന്ധമായി നമുക്ക് ലഭിക്കുന്ന രേഖകളും നാം ഓഫീസിലേക്ക് കൊടുക്കുന്ന രേഖകളുടെ പകർപ്പും സൂക്ഷിക്കാനായി ഒരു ഫയൽ പ്രത്യേകം സൂക്ഷിക്കണം. അഡ്വൈസ് മെമ്മോ,  അപ്പോയിൻ്റ്മെൻ്റ് ഓർഡർ,  പിഎസ്സി വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്പോയിൻ്റ്മെൻ്റ് ചാർട്ടിൻ്റെ പ്രിൻ്റൗട്ട്,  പ്രൊബേഷൻ ഡിക്ലയർ ചെയ്യുമ്പോൾ ലഭിക്കുന്ന ഉത്തരവ് പോലെ  നമ്മെ സംബന്ധിച്ച് ഓഫീസിൽ  നിന്നും ലഭിക്കുന്ന ഉത്തരവുകളും രേഖകളും,  നമുക്ക് ലഭിക്കുന്ന സ്ഥലംമാറ്റഉത്തരവുകൾ,   തുടങ്ങിയവ സർവ്വീസ് കാലം മുഴുവൻ സൂക്ഷിക്കേണ്ടതാണ്) 

മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ XRay,  CT സ്കാൻ,  Cath Lab  പോലുള്ള റേഡിയേഷൻ ഏൽക്കാൻ സാധ്യതയുള്ള ഡിപ്പാർട്ട്മെന്റുകളിൽ  ജോലിചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്ക്  ഒരു കലണ്ടർ വർഷത്തിൽ 30 ദിവസത്തെ പ്രത്യേക അവധി ലഭിക്കുന്നതാണ്.  ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ഇത് ലഭിക്കും. 

കൂടാതെ 'ഡിഫറെന്റലി abled' ആയ ജീവനക്കാർക്ക് തങ്ങളുടെ വൈകല്യത്തിന്റെ ഭാഗമായ  ശാരീരിക  അവശതകൾ അനുഭവിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിൽ  15 ദിവസത്തെ പ്രത്യേക അവധി അനുവദനീയമാണ്.  ഇത് ഒരുമിച്ചോ  പല വട്ടമായിട്ടോ എടുക്കാം.  ചില മേലധികാരികൾ ഇത് ഒരുമിച്ചു മാത്രമേ എടുക്കാവൂ എന്നു  വാശിപിടിക്കാറുണ്ട്. എന്നാൽ അങ്ങനെയല്ല.  മാത്രമല്ല ഇത്  ലഭിക്കുന്നതിന്  ഏതെങ്കിലും ഒരു  അംഗീകൃത ഡോക്ടറുടെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്.  ചില മേലധികാരികൾ നിശ്ചിത വിഭാഗം സ്പെഷ്യലിസ്റ്റുകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാറുണ്ട്.  എന്നാൽ ഇങ്ങനെ വ്യവസ്ഥയില്ല.  

ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് ഒരു ദിവസം വീതം ഒരു  കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ  സ്പെഷ്യൽ കാഷ്വൽ ലീവ്  ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ)  അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.

വിവരങ്ങൾ പരമാവധി ശെരിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. തെറ്റുകൾ കമന്റിൽ രേഖപെടുത്താം

❗ #Copied #Credits_to_Original_Writer ❗